എസ്പി സുജിത് ദാസ് അടക്കമുള്ള പോലീസുകാര്‍ ബലാത്സംഗത്തിനിരയാക്കി; ആരോപണവുമായി യുവതി
Friday, September 6, 2024 9:11 AM IST
മലപ്പുറം: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി യുവതി. പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂർ മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചു. തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി. ബെന്നി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നും ഇവർ ആരോപിച്ചു.
പൊന്നാനി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. 2022ൽ വീടിന്റെ അവകാശത്തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് സിഐ വിനോദിനെ കാണാൻ പോയത്. വീടിന്റെ അവകാശം യുവതിക്ക് തന്നെ ലഭിക്കുമെന്ന ഉറപ്പുനല്‍കിയാണ് സിഐ ആദ്യം ഉപദ്രവിക്കുന്നത്.
ശേഷം സിഐ വിനോദിനെക്കുറിച്ചുള്ള പരാതി പറയാൻ ഡിവൈഎസ്പി വി.വി.ബെന്നിയെ കാണാൻ പോയി. പരാതി ഒത്തുതീർക്കാൻ ശ്രമിച്ച ഡിവൈഎസ്പി പിന്നീട് വീട്ടിൽ വന്ന് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് താൻ എതിർത്തതോടെ അയാളുടെ ഉദ്ദേശ്യം നടന്നില്ല.
ഡിവൈഎസ്പിയിൽനിന്നു മോശം അനുഭവമുണ്ടായപ്പോഴാണ് അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസിനെ സമീപിച്ചത്. മൂന്ന് തവണ എസ്പി ഓഫീസിൽ കയറിയിറങ്ങിയിട്ടും പരാതിയിൽ തീരുമാനമായില്ല. വീണ്ടും എസ്പിയെ കാണാൻ പോയപ്പോൾ ഓഫീസിൽ വച്ച് തന്നെ സുജിത് ദാസ് ലൈംഗികമായി പീഡിപ്പിച്ചു.
മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് സുജിത് ദാസ് പറഞ്ഞെന്നും പരാതിക്കാരി ആരോപിച്ചു. എസ്പിക്കെതിരേയുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.