കെസിഎല്‍: തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ ജയം
Thursday, September 5, 2024 10:45 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ എട്ട് വിക്കറ്റിന് തകർത്ത് തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ ജയം. റോയല്‍സ് മുന്നോട്ട് വെച്ച 127 റണ്‍സ് 13 ഓവറില്‍ മറികടന്നാണ് ടൈറ്റന്‍സ് ജയം സ്വന്തമാക്കിയത്.
ടോസ് നേടിയ ടൈറ്റന്‍സ് റോയല്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്കോര്‍ 29ല്‍ എത്തിയപ്പോള്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്നു മുന്‍നിര ബാറ്റര്‍മാരെയാണ് റോയല്‍സിന് അതിവേഗം നഷ്ടമായത്. നാലു വിക്കറ്റിന് 34 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ റോയല്‍സിനെ കരകയറ്റാനായി ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
12 റണ്‍സ് എടുത്ത് അബ്ദുല്‍ ബാസിത് പുറത്തായതോടെ ട്രിവാന്‍ഡ്രം റോയല്‍സ് പ്രതിരോധത്തിലായി. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ എം.എസ്.അഖിലും (26 പന്തില്‍ 28 റണ്‍സ്) വിനോദ് കുമാറും പുറത്താകാതെ (10 പന്തില്‍ 11 റണ്‍സ്) നിന്നതോടെയാണ് റോയല്‍സിന്റെ സ്കോര്‍ 100 കടന്നത്.
നിശ്ചിത 20 ഓവറില്‍ ഏഴിന് 127 എന്ന സ്കോര്‍ റോയല്‍സ് സ്വന്തമാക്കി. തൃശൂരിനുവേണ്ടി അഹമ്മദ് ഇമ്രാനും പി. മിഥുനും രണ്ടു വിക്കറ്റ് വീതം നേടി.
ടൈറ്റന്‍സിനുവേണ്ടി വിഷ്ണു വിനോദ് 19 പന്തില്‍നിന്ന് ആറു സിക്സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സ് നേടി. ആനന്ദ് സാഗര്‍ (41), ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ടൈറ്റന്‍സിന് നഷ്ടമായത്. എം.എസ്. അഖില്‍, ശ്രീഹരി എസ്.നായര്‍ എന്നിവരാണ് റോയല്‍സിനു വേണ്ടി വിക്കറ്റുകള്‍ സ്വന്തമാക്കിയത്. തൃശൂരിന്റെ ആനദ് സാഗറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.