അൻവറിന്റെ വെളിപ്പെടുത്തൽ: കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി
Thursday, September 5, 2024 2:50 PM IST
കൊച്ചി: എഡിജിപി എം.ആര്. അജിത്കുമാറിനെതിരെ പി.വി. അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങളാണു വെളിപ്പെടുത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെടുത്തി എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
അതേസമയം, അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും അന്വേഷണം ആരംഭഘട്ടത്തിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണ സംഘം ആദ്യത്തെ യോഗം പോലും ചേരുന്നതിനു മുമ്പുതന്നെ, അന്വേഷണം ശരിയല്ലെന്ന് ആരോപിച്ചുള്ള ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സര്‍ക്കാര്‍ വാദം അംഗീകരിച്ച ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരുടെ ബെഞ്ച് ഹർജി അപക്വമാണെന്നു ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.