ന്യൂഡൽഹി-വിശാഖപട്ടണം എയർഇന്ത്യാ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി
Wednesday, September 4, 2024 4:28 AM IST
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇതേതുടർന്ന് വിമാനം നിലത്തിറക്കി പരിശോധിച്ചെങ്കിലും അപകടകരമായതൊന്നും കണ്ടെത്തിയില്ല.
ഡൽഹി പോലീസിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായും എയർലൈനിനും വിശാഖപട്ടണം വിമാനത്താവളത്തിലും മുന്നറിയിപ്പ് നൽകിയതായും വിശാഖപട്ടണം എയർപോർട്ട് ഡയറക്ടർ എസ്. രാജ റെഡ്ഡി പറഞ്ഞു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പരിശോധനയിൽ വ്യാജസന്ദേശമാണെന്ന് കണ്ടെത്തിയെന്ന് റെഡ്ഡി പിടിഐയോട് പറഞ്ഞു. വിമാനത്തിൽ 107 യാത്രക്കാരുണ്ടായിരുന്നു.