ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു
Saturday, August 31, 2024 9:55 PM IST
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഇന്ന് സർവീസിൽനിന്ന് വിരമിച്ച ഭർത്താവ് വി. വേണുവിൽനിന്നാണ് ചുമതലയേറ്റെടുത്തത്.
വയനാട് പുനരധിവാസമാണ് മുന്നിലുള്ള വെല്ലുവിളിയെന്ന് ശാരദ മുരളീധരൻ പറഞ്ഞു. പുനരധിവാസം വേഗത്തിൽ നടപ്പിലാക്കണം. സര്‍ക്കാരിന്റെ ദൗത്യം സാക്ഷാത്കരിക്കണം. സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് വികസനം സാധ്യമാക്കുമെന്നും അവർ വ്യക്തമാക്കി.
സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതിയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടരുമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയായിട്ടാണ് ശാരദ മുരളീധരൻ ചുമതലയേറ്റത്.
എട്ട് മാസം സർവീസാണ് ശാരദയ്ക്ക് ശേഷിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി പദവിയിൽ എത്തുന്നത്.