സിപിഎം കൊട്ടാരവിപ്ലവത്തില്‍ ഇ.പി. ജയരാജന് വധിക്കപ്പെട്ടു: ചെറിയാന് ഫിലിപ്പ്
Saturday, August 31, 2024 2:02 PM IST
തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി. ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. സിപിഎമ്മിലെ കൊട്ടാര വിപ്ലവത്തില്‍ മുതിര്‍ന്ന നേതാവ് ഇ.പി.വധിക്കപ്പെട്ടുവെന്ന് ചെറിയാന് ഫേസ്ബുക്കില്‍ കുറിച്ചു. എം.വി. രാഘവനും കെ.ആര്. ഗൗരിയമ്മയ്ക്കും ശേഷം സിപിഎം പുകച്ചുപുറത്താക്കുന്ന ഉന്നതനാണ് ഇ.പി. എന്നും അദ്ദേഹം പറഞ്ഞു.
"ഡിവൈഎഫ്ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായ ഇ.പി. ജയരാജന് കേരളത്തില്‍ പിണറായി വിജയന് കഴിഞ്ഞാല്‍ സിപിഎമ്മിലെ ഏറ്റവും സീനിയറായ നേതാവാണ്. പ്രതിയോഗികളുടെ വധശ്രമത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഇ.പിയെ ഇപ്പോള്‍ സ്വന്തം പാര്‍ട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്.
തന്നേക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണന്, എ.വിജയരാഘവന് ,എം.വി. ഗോവിന്ദന് എന്നിവരെ പാര്‍ട്ടി സെക്രട്ടറിയാക്കിയപ്പോള്‍ മുതല്‍ വ്രണിത ഹൃദയനായിരുന്ന ഇ.പി. ജയരാജന്റെ ഹൃദയത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ കത്തിയിറക്കിയിരിക്കുന്നത്' - ചെറിയാന് ഫിലിപ്പ് കുറിച്ചു.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന്റെ പേരിലാണ് ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. പ്രകാശ് ജവദേക്കര്‍- ഇ.പി. കൂടിക്കാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു. മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി.പി.രാമകൃഷ്ണനാണ് പകരം ചുമതല എന്നാണ് വിവരം.