വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് നല്കാന് നീക്കം; പ്രതിഷേധവുമായി പെണ്‍കുട്ടികളുടെ അമ്മ
Tuesday, August 27, 2024 10:38 AM IST
പാലക്കാട്: വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എം.ജെ.സോജന് ഐപിഎസ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവുമായി പെണ്‍കുട്ടികളുടെ അമ്മ. കോടതി വിധി വരും മുമ്പേ സര്‍ക്കാര്‍ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.
കേസ് അട്ടിമറിച്ച് മുഴുവന്‍ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജന്. ഇതിനുള്ള സര്‍ക്കാരിന്റെ സമ്മാനമാണ് ഐപിഎസ് പദവി. സോജന് പ്രതിസ്ഥാനത്ത് നില്‍ക്കേ തിടുക്കപ്പെട്ട് എന്തിന് ഐപിഎസ് നല്‍കുന്നുവെന്ന് അവര്‍ ചോദിക്കുന്നു. വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങളെന്ന് സര്‍ക്കാര്‍ വീണ്ടും തെളിയിക്കുകയാണെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.
എന്നാല്‍ സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിരുന്നു. ആ മാസം ആറിന് പാലക്കാട് എഎസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
2017 മാര്‍ച്ച് 12 ന് കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ജീവനൊടുക്കിയതെന്ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് അതേ വര്‍ഷം നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു.
2020 മാര്‍ച്ച് 18 ന് പോലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന് കണ്ടെത്തി. നവംബര്‍ നാലിന് മൂന്നാം പ്രതി പ്രദീപ് കുമാര്‍ ജീവനൊടുക്കി. 2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു.
കേസ് ഏറ്റെടുത്ത സിബിഐ ഏപ്രില്‍ ഒന്ന് പാലക്കാട് പോക്സോ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ഡിസംബര്‍ 27 ന് വാളയാര്‍ പെണ്‍കുട്ടികള്‍ ജീവനൊടുക്കി എന്നാണ് കണ്ടെത്തിയത്. എന്നാല്‍ സിബിഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10 കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുടരന്വേഷണം നടത്തണം എന്നായിരുന്നു ഉത്തരവ്.