രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണം: കെ.സുധാകരൻ
Friday, August 23, 2024 11:11 PM IST
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ വെട്ടിമാറ്റിയ സർക്കാർ കുറ്റാരോപിതരായ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.
റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ അടർത്തിമാറ്റിയ സംഭവത്തിൽ സർക്കാരിന്റെ ഭാഗമായും സിനിമാരംഗത്തും പ്രവർത്തിക്കുന്ന മൂവർ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണം. വിവരാവകാശ കമ്മീഷൻ ആവശ്യപ്പെടാതെ സർക്കാർ സ്വന്തം ഇഷ്ടപ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങൾ ഉടൻ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ട് പുറത്തുവന്നപ്പോൾ സിനിമാ മേഖലയിലെ പലരും തങ്ങൾ നേരിട്ട ദുരനുഭവം പരസ്യമായി പങ്കുവെച്ചു. എന്നാൽ അവർ കാട്ടിയ തന്റേടം സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പിണറായി സർക്കാരിന് ഇല്ലാത്തത് നാണക്കേടാണ്. അവരുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.