കാഫിർ വിവാദം; വടകരയിൽ ഡിവൈഎഫ്ഐയുടെ വിശദീകരണ യോഗം ഇന്ന്
Sunday, August 18, 2024 10:31 AM IST
കോഴിക്കോട്: കാഫിർ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഇന്ന് വടകരയിൽ വിശദീകരണയോഗം സംഘടിപ്പിക്കും. യോഗം ജില്ലാ സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്യും.
ജനങ്ങളെ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധരിപ്പിക്കുകയും നിയമനടപടികളുമായി മുന്നോട്ട്പോകുകയും ചെയ്യുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ പേര് കേസിൽ ഉൾപ്പെട്ടതോടെയാണ് വിശദീകരണയോഗവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
വിവാദവുമായി ബന്ധപ്പെട്ട് റിബേഷ് രാമകൃഷ്ണൻ മുസ്ലീം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. അബ്ദുള്ള സമൂഹമാധ്യമത്തിൽ പങ്കുവച്ച വിവരങ്ങൾ തനിക്കെതിരേ സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പടർത്തുന്നതാണെന്ന് റിബേഷ് നോട്ടീസിൽ പറയുന്നു.
ഇതിനാൽ അബ്ദുള്ള മാപ്പുപറയണമെന്നായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ ആവശ്യം. എന്നാൽ റിബേഷ് അയച്ച നോട്ടീസിന് താനല്ല കേരളത്തിലെ ആഭ്യന്തരമന്ത്രിയാണ് മറുപടി നൽകേണ്ടതെന്ന് അബ്ദുള്ള പ്രതികരിച്ചിരുന്നു.