ബീമാപ്പള്ളി ഷിബിലി കൊലക്കേസ്; ഒന്നാം പ്രതി കസ്റ്റഡിയിൽ
Friday, August 16, 2024 7:29 PM IST
തിരുവനന്തപുരം: ബീമാപ്പള്ളി സ്വദേശി ഷിബിലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ഒന്നാം പ്രതി ഇനാസ് കസ്റ്റഡിയിലാണെന്നും ഇയാളുടെ സഹോദരൻ ഇനാദ് ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയായ ഷിബിലി ജാമ്യത്തിലിറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സ്ഥലവാസികളും സഹോദരങ്ങളുമായ ഇനാസും ഇനാദുമായുള്ള വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരാഴ്ച മുൻപ് ഷിബിലി ഇനാസിനെ മര്‍ദിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ബീമാപ്പള്ളിക്ക് സമീപത്തുവച്ച് വീണ്ടും ഏറ്റമുട്ടലുണ്ടായി. രാത്രിയിൽ ബീച്ചിലേക്ക് പോകുന്ന വഴിയിൽവച്ച് ഷിബിലിയെ ഇനാസും ഇനാദും സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെട്ട പ്രതികള്‍ വിഴിഞ്ഞത്തെത്തി കൊലപാതകം നടത്തിയ വിവരം ഒരാളോട് പറഞ്ഞു. രാത്രി പന്ത്രണ്ടരയോടെയാണ് ഷിബിലിക്ക് കുത്തേറ്റ വിവരം പൂന്തുറ പോലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൂന്തുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ടെ ഷിബിലി നിരവധി പ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നും കേസിൽ ഉൾപ്പെട്ട എല്ലാവരും ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.