ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ നഴ്സിനെ പീഡിപ്പിച്ചു കൊന്നു; പ്രതി പിടിയിൽ
Friday, August 16, 2024 12:24 AM IST
ലക്നോ: ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങിയ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിച്ചു കൊന്നു. ഉത്തരാഖണ്ഡ്- ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സാണ് പീഡനത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്തത്.
സംഭവത്തിൽ ഒമ്പത് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 30 നാണ് സംഭവം നടന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് ആശുപത്രി വിട്ട നഴ്സ് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിൽ നിന്ന് ഇ-റിക്ഷയിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെങ്കിലും ഉത്തർപ്രദേശിലെ ബിലാസ്പൂരിലെ കാശിപൂർ റോഡിലെ തന്റെ വീട്ടിൽ എത്തിയിരുന്നില്ല.
തൊട്ടടുത്ത ദിവസം തന്നെ നഴ്സിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരി പോലീസിൽ പരാതി നൽകി. ഒമ്പത് ദിവസത്തിന് ശേഷം ഓഗസ്റ്റ് എട്ടിന് ഉത്തർപ്രദേശ് പോലീസ് ദിബ്ദിബ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ദിവസ വേതന തൊഴിലാളിയായ ധർമ്മേന്ദ്ര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ധർമ്മേന്ദ്ര നഴ്സിനെ ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തുകയും അടുത്തുള്ള കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഉധം സിംഗ് നഗർ സീനിയർ പോലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടി.സി. പറഞ്ഞു.
നഴ്സിന്റെ ഫോണും പഴ്സിലുണ്ടായിരുന്ന 3000 രൂപയുമായി രാജസ്ഥാനിലേക്ക് മുങ്ങിയ പ്രതിയെ ഇവിടെ നിന്നുമാണ് പിടികൂടിയത്.