ചൂരൽമലയിൽ വീണ്ടും കനത്ത മഴ; താത്കാലിക പാലം വെള്ളത്തിൽ മുങ്ങി
Tuesday, August 13, 2024 4:47 PM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ വീണ്ടും കനത്ത മഴ. താൽക്കാലികമായി നിർമിച്ച പാലം വെള്ളത്തിൽ മുങ്ങി. തുടർച്ചയായി രണ്ട് മണിക്കൂർ മഴ പെയ്തതാണ് പുഴയിൽ വെള്ളം ഉയരാൻ കാരണമായത്.
കുത്തൊഴുക്കിൽ താൽക്കാലികമായി നിർമിച്ച പാലത്തിൽ ഒരു പശു കുടുങ്ങിക്കിടക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് പശുവിനെ കരയ്ക്കെത്തിച്ചത്.
പശുവിന്റെ കഴുത്തിലെ കയർ പാലത്തിൽ കുടുങ്ങിയതാണ് പശു വെള്ളത്തിൽ അകപ്പെടാൻ കാരണം. യന്ത്രങ്ങൾ എത്തിച്ച് പാലത്തിന്റെ ഒരു വശം മുറിച്ചുമാറ്റിയാണ് പശുവിനെ കരയ്ക്കെത്തിച്ചത്.
കരയ്ക്കെത്തിച്ച പശു അവശനിലയിലാണ്. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.