ഹിൻഡൻ ബർഗ് റിപ്പോര്‍ട്ട്; സെബിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
Sunday, August 11, 2024 9:19 PM IST
ന്യൂഡൽഹി : ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന് ഹിൻഡൻ ബർഗ് കണ്ടെത്തിയിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു .
അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമായെന്നും രാഹുൽ പരിഹസിച്ചു.
സെബിയുടെ വിശ്വാസ്യത പൂർണമായും തകർന്നുവെന്ന് വിമര്‍ശിച്ച രാഹുല്‍ എന്തുകൊണ്ട് സെബി ചെയർപേഴ്സൺ രാജി വയ്ക്കുന്നില്ലെന്നും ചോദിച്ചു. അദാനിക്കും മാധബി പുരി ബുച്ചിനുമെതിരെ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി.
സെബിയിലെ മാധബിയുടെ നിയമത്തിലടക്കം സംശയങ്ങള്‍ ഉയരുമ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. വിദേശ ശക്തികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു.