"ഇവരോട് ഞാന്‍ എന്ത് സമാധാനം പറയും?': ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി മന്ത്രി എ.കെ. ശശീന്ദ്രന്
Sunday, August 11, 2024 11:33 AM IST
കല്പറ്റ: വയനാട്ടിലെ ദുരന്തമുഖത്ത് വിങ്ങിപ്പൊട്ടി മന്ത്രി എ.കെ. ശശീന്ദ്രന്. ജനകീയ തിരച്ചില്‍ പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. ഉരുള്‍പൊട്ടലിനിടെ കാണാതായ നാസറിനെ തിരയുന്ന മകന് ഇസഹാഖിനെ കണ്ടതോടെയാണ് മന്ത്രി വികാരാധീനനായത്.
ഇസഹാഖിന്റെ മുന്നില്‍ കൈകൂപ്പി നിന്ന മന്ത്രി കുട്ടിയെ ചേർത്തുപിടിച്ച് വിങ്ങിപ്പൊട്ടുകയായിരുന്നു. ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഇവരോട് താന്‍ എന്തു സമാധാനം പറയുമെന്നും മന്ത്രി പറഞ്ഞു.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും അവര്‍ക്ക് ആത്മവിശ്വാസം നല്കുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
രണ്ടാംഘട്ട ജനകീയ തിരച്ചിലാണ് വയനാട്ടില്‍ പുരോഗമിക്കുകന്നത്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ച് രാവിലെ എട്ട് മുതലാണ് തിരച്ചില്‍ ആരംഭിച്ചത്. വിവിധ സേനാ അംഗങ്ങൾക്ക് പുറമേ പ്രാദേശിക ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.