വീസ തട്ടിപ്പ്: ചെങ്ങന്നൂർ സ്വദേശിനി പിടിയിൽ
Saturday, August 10, 2024 10:25 PM IST
പിറവം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം തട്ടിച്ചെടുത്ത പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ സി. ദിവ്യാമോളെ (40) പോലീസ് അറസ്റ്റ് ചെയ്തു. രാമമംഗലം ഊരമന മണ്ണാപ്പറമ്പിൽ എം.കെ. സുരേഷിൽ നിന്നാണ് 2021 മുതൽ 7.75 ലക്ഷം രൂപ വാങ്ങിയത്.
സുരേഷിന്റെ മകന് മാൾട്ടയിൽ ജോലി നൽകാമെന്ന് ഉറപ്പു നല്കിയാണ് ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തി വന്നിരുന്ന ദിവ്യയും, ഭർത്താവ് രാജേഷും ചേർന്ന് പണം തട്ടിച്ചെടുത്തത്.
പണവും മകന്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും ഇവർ വാങ്ങി വച്ചു. ഊരമനയിൽ മരത്തടിയുടെ വർക്ക്ഷോപ്പ് നടത്തുന്ന സുരേഷ് രാമമംഗലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ ഇതിനായി ലോണെടുത്തിരുന്നു.
വായ്പാതുക പലിശയടക്കം 13.5 ലക്ഷം രൂപയായിട്ടും മകന് ജോലിക്ക് വീസ ലഭിച്ചില്ല. തുടർന്ന് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. ഇതേത്തുടർന്നാണ് സുരേഷ് രാമമംഗലം പോലീസിൽ പരാതി നല്കിയത്.