മോദിയുടെ സന്ദര്‍ശനത്തെ തുടർന്ന് നിയന്ത്രണം; സൂചിപ്പാറയിൽ കണ്ടെത്തിയ ശരീരഭാഗം വീണ്ടെടുക്കാനായില്ല
Saturday, August 10, 2024 11:19 AM IST
വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ സൂചിപ്പാറ-കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്ന സ്ഥലത്തുനിന്ന് വീണ്ടെടുക്കാനായത് മൂന്ന് മൃതദേഹങ്ങൾ മാത്രം. ഒരു ശരീരഭാഗം കൂടി ഇവിടെനിന്ന് ഇനി തിരികെ എത്തിക്കാനുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ ഹെലികോപ്റ്റിന് അടിയന്തരമായി മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നത്.
ഞായറാഴ്ച ദൗത്യസംഘം ഇവിടെയെത്തി ഈ ശരീരഭാഗം തിരികെയെത്തിക്കും. പ്രധാനമന്ത്രിയുടെ സന്ദര്ശമുള്ളതിനാല് ഇന്ന് എയര്‍ ട്രാഫിക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എയര്‍ഫോഴ്സ് അനുമതി വാങ്ങിയ ശേഷമാണ് ദൗത്യസംഘം മൃതദേഹങ്ങൾ എടുക്കാന്‍ സൂചിപ്പാറയിലെത്തിയത്. ആകെ 20 മിനിറ്റ് മാത്രമാണ് അനുവദിച്ചിരുന്നത്.
50 മീറ്റര്‍ റേഡിയസിനുള്ളില്‍ മാത്രമാണ് സൈന്യത്തിന് ലാന്‍ഡ് ചെയ്യാനായത്. ഇവിടെ പെട്ടെന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായത്.ഇന്ന് ഇവിടെ ലാന്‍ഡ് ചെയ്യാന്‍ സാങ്കേതികമായ തടസമുള്ളതിനാൽ ഞായറാഴ്ച ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനം.
ചൂരൽമലയിൽനിന്ന് ആറു കിലോമീറ്ററോളം അകലെ സൂചിപ്പാറയ്ക്കും കാന്തൻപാറയ്ക്കും ഇടയിലുള്ള ആനടികാപ്പിൽ വെള്ളിയാഴ്ച രാവിലെ 9.45ഓടെയാണ് മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ പിപിഇ കിറ്റ് അടക്കം എത്തിക്കാതിരുന്നതിനാൽ മൃതദേഹം പുറത്തേക്ക് എത്തിക്കാൻ വൈകുകയായിരുന്നു.