അവയവക്കച്ചവടം: ആദിവാസി യുവതിയുടെ പരാതിയിൽ ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ
Thursday, August 8, 2024 6:29 PM IST
കേളകം: ആദിവാസി യുവതിയെ പ്രലോഭിപ്പിച്ച് അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. ഇടനിലക്കാരൻ പെരുന്തോടി സ്വദേശി ബെന്നി, യുവതിയുടെ ഭർത്താവ് അനിൽ കുമാർ എന്നിവരാണ് പിടിയിലായത്.
നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായ യുവതി കണ്ണൂർ ഡിഐജി ഉൾപ്പെടെയുള്ളവർക്ക് നേരെത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവയവക്കച്ചവടത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നും വൃക്കദാനം ചെയ്താൽ ഒൻപത് ലക്ഷം രൂപ നൽകാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
യുവതിയുടെ ഭർത്താവ് നേരത്തെ വൃക്കദാനം ചെയ്തയാളാണ്. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അനിൽ കുമാറിനോടും ബെന്നിയോടും സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ടത് പ്രകാരം എത്തിയപ്പോൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം അനുവദിച്ചു.