കണ്ണൂരിൽ ആസിഡ് ആക്രമണം; ഏഴുപേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം
Thursday, August 8, 2024 12:23 PM IST
ഇരിട്ടി: വാക്കുതർക്കത്തിന്റെ പേരിൽ മദ്യപിച്ചെത്തിയ യുവാവ് അയൽവാസികളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. കണ്ണൂർ കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. ആസിഡ് ശരീരത്തിൽ വീണ് ഏഴ് പേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരതരമാണ്. ഇയാളെ പരിയാരത്തെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ (32) ആണ് ആക്രമണം നടത്തിയത്. അയൽവാസിയും കോളനിയിലെ താമസക്കാരനായ സുബാഷിനാണ് (36) ഗുരുതരമായി പൊള്ളലേറ്റത്. സമീപത്തുണ്ടയിരുന്ന ആര്യ (അഞ്ച്), വിജേഷ് (12), ശിവകുമാർ (22), ജാനു (35), ശോഭ (45), സോമൻ (70) എന്നിവർക്കും പൊള്ളലേറ്റു. ഇവർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മുനീർ. കരിക്കോട്ടക്കരി സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ രാത്രിതന്നെ അറസ്റ്റ് ചെയ്തു.