അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് അഞ്ചുപേര്‍ ചികിത്സയില്‍
Wednesday, August 7, 2024 9:24 AM IST
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേര്‍ ചികിത്സയില്‍ തുടരുന്നു. രോഗലക്ഷണങ്ങളുളള രണ്ടുപേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും.
കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 23 കാരനായ നെല്ലിമൂട് സ്വദേശി മരണപ്പെട്ടത്. നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കള്‍, ഒരു പേരൂര്‍ക്കട സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
നാല് പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നെല്ലിമൂട് സ്വദേശികള്‍ക്ക് രോഗം ബാധിച്ചത് കാവിന്‍കുളത്തില്‍ നിന്നെന്നാണ് നിഗമനം. ഇതിനു പിന്നാലെ കാവിന്‍കുളത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
എന്നാല്‍ പേരൂര്‍ക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. നെല്ലിമൂടില്‍ 39 പേര് നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന വിവരം.