പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്നത് തെറ്റ്: എൻസിഇആർടി
Tuesday, August 6, 2024 9:39 PM IST
ന്യൂഡൽഹി: പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് എൻസിഇആർടി. ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എൻസിഇആർടി വ്യക്തമാക്കി.
ആമുഖത്തോടൊപ്പം മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, ദേശീയ ഗാനം മുതലായവയ്ക്കും പരിഗണന നൽകുകയാണ്. വിവിധ തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ഇവ ഉൾപ്പെടുത്തും.
എന്തു കൊണ്ട് ഇവയിലൂടെ വിദ്യാർഥികൾക്ക് ഭരണഘടനാമൂല്യങ്ങൾ മനസിലാക്കിക്കൂടായെന്നും എൻസിഇആർടി ചോദിച്ചു. ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങൾക്ക് പ്രാധാന്യം നൽകുകയാണെന്ന് എൻസിഇആർടി വ്യക്തമാക്കി.
മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് നിലവിൽ ഭരണഘടന ആമുഖം ഒഴിവാക്കിയത്. പകരമായി ഈ പുസ്തകങ്ങളിൽ ദേശീയ ഗാനം, ദേശീയ ഗീതം, മൗലികാവകാശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുകയായിരുന്നു.