വയനാട് ദുരന്തം; ദുരിതബാധിതർക്കുള്ള സാധനങ്ങൾ എത്തിക്കാൻ സജ്ജമെന്ന് കെഎസ്ആർടിസി
Friday, August 2, 2024 6:52 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുവാൻ കെഎസ്ആർടിസിയെ സമീപിക്കാം. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശാനുസരണം ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.
ദുരിതബാധിതർക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേർ മുന്നോട്ടുവന്നിട്ടുണ്ട്. ദുരിതബാധിതർക്കുള്ള സാധന സാമഗ്രികൾ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന സാധനസാമഗ്രികൾ എത്തിച്ചു നൽകുന്നതിന് കെഎസ്ആർടിസി സജ്ജമാണ്.
ജില്ലാ ഭരണകൂടം സ്വരൂപിച്ച വസ്തുക്കൾ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ എത്തിച്ചാൽ അത് സ്വീകരിച്ച് വടക്കൻ മേഖലയിലേയ്ക്ക് സർവീസ് പോകുന്ന വാഹനങ്ങളിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കും. ഇതിനുവേണ്ടിയുള്ള നടപടി സ്വീകരിച്ചതായി കെഎസ്ആർടിസി അറിയിച്ചു.