ബിഹാറിലും രാജസ്ഥാനിലും ബിജെപിക്ക് പുതിയ അധ്യക്ഷൻമാർ
Friday, July 26, 2024 4:24 AM IST
ന്യൂഡല്‍ഹി: ബിഹാറിലും രാജസ്ഥാനിലും ബിജെപി പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചു. ബിഹാറില്‍ സാമ്രാട്ട് ചൗധരിയെ മാറ്റിയാണ് ദിലീപ് ജെയ്സ്വാളിനെ പുതിയ അധ്യക്ഷനായി നിയമിച്ചത്.
സാമ്രാട്ട് ചൗധരി നിലവിൽ ഉപമുഖ്യമന്ത്രിയാണ്. ബിഹാറിലെ റവന്യൂ ലാന്‍ഡ് റിഫോംസ് മന്ത്രിയാണ് ദിലീപ് ജെയ്സ്വാള്‍. വൈശ്യ സമുദായാംഗമായ അദ്ദേഹം 2009 മുതല്‍ എംഎല്‍സിയാണ്. രാജ്യസഭാ എംപി മദന്‍ റാത്തോഡാണ് രാജസ്ഥാനിലെ പുതിയ അധ്യക്ഷന്‍.
ആറ് സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ളവരേയും ബിജെപി നിശ്ചയിച്ചു. ഹരീഷ് ദ്വിവേദി (അസം), എം.പി. അതുല്‍ ഗാര്‍ഗ് (ചണ്ഡീഗഢ്), അരവിന്ദ് മേനോന് (തമിഴ്നാട്, ലക്ഷദ്വീപ്), രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ (രാജസ്ഥാന്), രാജ്ദീപ് റോയ് (ത്രിപുര) തുടങ്ങിയവർക്ക് സംഘടനാ ചുമതല നൽകി.