ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ; പന്നികളെ കൊല്ലാൻ ഉത്തരവ്
Tuesday, July 23, 2024 6:59 AM IST
കണ്ണൂർ: ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു ചെയ്യാൻ ഉത്തരവ്. മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഈഫാമിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും അടിയന്തരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കാനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടു.
രോഗം സ്ഥിരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റർ പ്രദേശം രോഗ ബാധിത പ്രദേശം ആയും പത്തു കീലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഈ പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോകുന്നതും നിരീക്ഷണ മേഖലയിലേയ്ക്ക് പന്നികളെ കൊണ്ടു വരുന്നതും മൂന്ന് മാസത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചു.
പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി.