മലപ്പുറത്ത് തോണി മറിഞ്ഞുണ്ടായ അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി
Monday, July 22, 2024 9:19 AM IST
മലപ്പുറം: കല്ലുര്‍മ്മയില്‍ തോണി മറിഞ്ഞ് കായലിൽ കാണാതായ രണ്ടാമത്തെ ആളുടെ കൂടി മൃതദേഹം കണ്ടെത്തി. ചിയ്യാനൂര്‍ സ്വദേശി സച്ചിൻ (23) ആണ് മരിച്ചത്.
കല്ലുര്‍മ സ്വദേശി ആഷിഖിക്കിന്റെ(23) മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. മൂന്ന് പേരാണ് അപകടത്തിൽപെട്ടത്.
സുഹൃത്തുക്കളായ മൂവരും ചേർന്ന് തോണിയുമായി കായലില്‍ ഇറങ്ങിയതായിരുന്നു. താഴ്ച്ചയുളള ഭാഗത്ത് എത്തിയതോടെയാണ് തോണി മറിഞ്ഞത്. ചതുപ്പായതിനാല്‍ നീന്തി രക്ഷപ്പെടാനായില്ല.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഒരാളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് കൂടി എത്തി നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.