യുഎഇയ്ക്കെതിരെ ഇന്ത്യക്ക് ആധികാരിക ജയം
Sunday, July 21, 2024 6:08 PM IST
ധാംബുള്ള: വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ആധികാരിക ജയം. യുഎഇയെ 78 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സെടുത്തു. റിച്ചാ ഗോഷിന്റെ വെടിക്കെട്ടും ക്യാപറ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറി പ്രകടനവുമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
ഇന്ത്യക്കായി ഓപ്പണർ ഷഫാലി വർമ മികച്ച തുടക്കമാണ് കുറിച്ചത്. 18 പന്തിൽ 37 റണ്‍സെടുത്താണ് ഷഫാലി മടങ്ങിയത്. സ്മൃതി മന്ദനയും (13) ഹേമലതയും (02) നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് ഇന്നിംഗ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഹർമൻപ്രീത് 47 പന്തിൽ ഏഴ് ഫോറും ഒരു സിക്സും ഉൾപ്പെടെ 66 റണ്‍സെടുത്തു. റിച്ചാ ഗോഷ് 29 പന്തിൽ പുറത്താകാതെ 12 ഫോറും ഒരു സിക്സും ഉൾപ്പെടെ 64 റണ്‍സെടുത്തു. യുഎഇക്കായി കവിഷ എഗോഡ്ഗേ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 123 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ക്യാപ്റ്റൻ ഇഷ രോഹിത് ഒസയ്ക്കും കവിഷ എഗോഡ്ഗേയ്ക്കും മാത്രമാണ് യുഎഇ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്.
ഇഷ രോഹിത് 38 റണ്‍സും കവിഷ പുറത്താകാതെ 40 റണ്‍സും നേടി. ഖുഷി ഷർമ പത്ത് റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ പോലും കഴിഞ്ഞില്ല. ഇന്ത്യക്കായി ദീപ്തി ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയിൽ നാല് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.