ശമ്പള പ്രതിസന്ധി ; 108 ആംബുലൻസ് ജീവനക്കാർ പ്രതിഷേധത്തിലേക്ക്
Monday, July 15, 2024 9:03 PM IST
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 108 ആംബുലൻസ് ജീവനക്കാർ ചൊവ്വാഴ്ച മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.
എല്ലാ മാസവും ഏഴാ തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ആശുപത്രിയിൽ നിന്നുള്ള കേസുകൾ എടുക്കില്ലെന്ന് സമരക്കാർ പറഞ്ഞു. എന്നാൽ അടിയന്തര സർവീസുകളായ റോഡുപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും, വീടുകളിലെ രോഗികൾക്കും കുട്ടികൾക്കും സേവനം നൽകും.
2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ്.
2019ൽ സർവീസ് ആരംഭിച്ചത് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് ഒരു കൃത്യമായ തീയതി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. 2021 മുതൽ എല്ലാ മാസവും ഏഴാം തീയതി ശമ്പളം വിതരണം ചെയ്യാൻ തുടങ്ങി.
എന്നാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്ത് ഇറങ്ങുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.