ത്രിപുരയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥി കൊല്ലപ്പെട്ടു
Sunday, July 14, 2024 12:31 AM IST
അഗർത്തല: ത്രിപുരയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥി കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ രാജ്നഗർ ഏരിയയിലുണ്ടായ സംഘർഷത്തിൽ ബാദൽ ഷിൽ എന്നയാളാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ബാദലിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. കൂടാതെ ഞായറാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂർ ബന്ദും സിപിഎം പ്രഖ്യപിച്ചു.
പോലീസ് കേസ് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു സംഘം ആളുകളാണ് ഷില്ലിനെ വെള്ളിയാഴ്ച വൈകുന്നേരം ആക്രമിച്ചതെന്ന് ദക്ഷിണ ത്രിപുര പോലീസ് സൂപ്രണ്ട് അശോക് കുമാർ സിൻഹ പിടിഐയോട് പറഞ്ഞു.