തെരഞ്ഞെടുപ്പ് പന്തയം; രാജസ്ഥാനിൽ ബിജെപി നേതാവ് മന്ത്രിസ്ഥാനം രാജിവച്ചു
Thursday, July 4, 2024 4:23 PM IST
ജയ്പുർ: ബിജെപി നേതാവ് കിരോഡി ലാൽ മീണ രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ചുമതലയുണ്ടായിരുന്ന ചില സീറ്റുകളിലെ സ്ഥാനാർഥികൾ പരാജയപ്പെട്ടതാണ് രാജിക്ക് കാരണം.
തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്സഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും തോൽവിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് കിരോഡി ലാൽ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉൾപ്പെടെയുള്ള സീറ്റുകൾ ബിജെപിക്ക് നഷ്ടമായതോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.
കൃഷി, ഹോർട്ടികൾച്ചർ, ഗ്രാമവികസനം, ദുരന്തനിവാരണം, ദുരിതാശ്വാസം, സിവിൽ ഡിഫൻസ് തുടങ്ങി നിരവധി വകുപ്പുകളുടെ മന്ത്രിയായിരുന്നു കിരോഡി ലാൽ മീണ. സവായ് മധോപൂർ മണ്ഡലത്തില്‍ നിന്നാണ് മീണ വിജയിച്ചത്.