സ്വത്ത് കണ്ടുകെട്ടിയത് എന്തിന്; ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ടുപോകുമെന്ന് എം.വി. ഗോവിന്ദൻ
Monday, July 1, 2024 10:10 PM IST
കോഴിക്കോട്: കരുവന്നൂർ കള്ളപ്പണക്കേസിൽ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ അക്കൗണ്ടുകൾ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഗോവിന്ദൻ ചോദിച്ചു.
തെറ്റായ ഒരു നടപടിയും വച്ച് പൊറുപ്പിക്കില്ല. വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാൻ കാർഡിലെ ഒറ്റ അക്കം വച്ചാണ് ഇഡിയും ഐടിയും കളിച്ചത്. സിപിഎമ്മിന്റെ ആയിരക്കണക്കിനു ബ്രാഞ്ചുകൾക്കും ഏരിയ കമ്മറ്റികൾക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്.
ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയാലും സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രർ ചെയ്യുക. ആറു പ്രധാന അക്കൗണ്ടുകൾ പാർട്ടിക്ക് ഇല്ല. അങ്ങനെയാണ് ഇഡി പറയുന്നത്. തെറ്റായ നിലപാടിനെ ഞങ്ങൾ അംഗീകരിക്കില്ല. കരുവന്നൂർ പാർട്ടി പുറത്താക്കിയവരെ മാപ്പ് സാക്ഷിയാക്കി സിപിഎമ്മിനെ വേട്ടയാടാൻ ശ്രമം നടക്കുന്നുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.