നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷം പാർലമെന്റിൽ ആഞ്ഞടിക്കും
Friday, June 28, 2024 3:28 AM IST
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ ഇന്ത്യാ സഖ്യം ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
നീറ്റ് വിഷയം ശക്തമായി ഉന്നയിക്കണമെന്ന് യോഗത്തിൽ പാർട്ടികളുടെ പ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു. വിഷയം ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിക്കും. ഇതോടെയാണ് വിഷയത്തിൽ പാർലമെന്റിലടക്കം ആഞ്ഞടിക്കാൻ യോഗം തീരുമാനിച്ചത്.
പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ട് ഇന്ന് സഭയിൽ നോട്ടീസ് നൽകും. ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.