നാല് വയസുകാരി അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് വീണു; ഗുരുതര പരിക്ക്
Tuesday, June 25, 2024 10:14 AM IST
ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് വീണ് നാല് വയസുകാരിക്ക് ഗുരുതര പരിക്ക്. ആന്റോ-അനീഷ ദമ്പതികളുടെ മകള്‍ മെറീന ആണ് അപകടത്തില്‍പെട്ടത്.
കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നും രക്തസ്രാവം ഉണ്ടെന്നും വീട്ടുകാര്‍ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഉച്ചയ്ക്ക് താഴത്തെ മുറിയില്‍ എത്തിച്ച് ഭക്ഷണം നല്കിയ ശേഷം കുട്ടികളെ മുകളിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം.
കുട്ടി ഓടിയപ്പോള്‍ തെന്നി വീഴുകയായിരുന്നെന്നാണ് അങ്കണവാടി അധികൃതരുടെ വിശദീകരണം. കുട്ടിക്ക് പിന്നാലെ താഴേക്ക് ചാടിയ ടീച്ചറുടെ കാല് ഒടിഞ്ഞിട്ടുണ്ട്.
20 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. അങ്കണവാടി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായെന്നാണ് ആരോപണം. 2018-ലെ പ്രളയത്തില്‍ താഴത്തെ നിലയില്‍ വെള്ളം കയറിയതോടെ അങ്കണവാടിയുടെ പ്രവര്‍ത്തനം മുകളിലത്തെ നിലയിലേക്ക് മാറ്റുകയായിരുന്നു.