തുടക്കം ഭാഗ്യചിഹ്നത്തിൽ; പാർലമെന്റിലേക്ക് ഓട്ടോറിക്ഷയിലെത്തി ഫ്രാൻസിസ് ജോർജ്
Monday, June 24, 2024 10:58 AM IST
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കേ, സത്യപ്രതിജ്ഞക്കായി ഡൽഹിയിലെ കേരള ഹൗസിൽ നിന്നും കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പാർലമെന്റിലെത്തിയത് ഓട്ടോറിക്ഷയിൽ. ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്.
വന്യജീവി വിഷയത്തിൽ പാർലമെന്റില്‍ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഫ്രാൻസിസ് ജോര്‍ജ് വ്യക്തമാക്കി. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോടെം സ്പീക്കറാക്കിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.