കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനം: കെ.സി. വേണുഗോപാൽ
Friday, June 21, 2024 12:07 PM IST
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തതിൽ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. പദവി നൽകാത്തത് വിവേചനമെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രോംടെം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങൾ ലംഘിക്കപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിച്ച വേണുഗോപാൽ കൊടിക്കുന്നിലിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് അവരുടെ മനസ് ചെറുതായതു കൊണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്. കൊടിക്കുന്നിലിന്റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.
അതേസമയം ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് ഇതേപ്പറ്റി പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.