കൈവിട്ടുകുതിച്ച് സ്വർണവില; പവന് കൂടിയത് 600 രൂപ
Friday, June 21, 2024 11:15 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറുന്നു. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,720 രൂപയിലും ഗ്രാമിന് 6,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 5,590 രൂപയായി.
സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വ്യാഴാഴ്ചയാണ് സ്വര്‍ണവില വീണ്ടും 53,000 കടന്നത്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു.
രണ്ടുദിവസം വില കുറയുകയും പിന്നീടുള്ള രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയും ചെയ്ത ശേഷമാണ് വ്യാഴാഴ്ച സ്വർണം കുതിച്ചത്. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും, ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
ജൂൺ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ എട്ടുമുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറി. പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്ണവിലയാണ് വ്യാഴാഴ്ച വീണ്ടും 53,000 രൂപ കടന്നത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ, രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.46 ഡോളർ (0.02%) ഉയർന്ന് 2,361.47 ഡോളർ എന്നതാണ് നിരക്ക്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർധിച്ചു. ഗ്രാമിന് ഒരു രൂപ വർധിച്ച് 97 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.