വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം പറ്റിയെന്ന് കുഴൽനാടൻ; വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് സ്പീക്കർ
Thursday, June 20, 2024 4:14 PM IST
തിരുവനന്തപുരം: എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽനിന്ന് ഇത് വ്യക്തമാണെന്നും കുഴൽനാടൻ പറഞ്ഞു.
വ്യവസായവകുപ്പ് ചർച്ചക്കിടെയാണ് വീണ്ടും സഭയിൽ മാസപ്പടി വിവാദം മാത്യു ഉന്നയിച്ചത്. മാസപ്പടിയിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നോട്ടീസയച്ചു. പിവി താൻ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ഹൈക്കോടതിയിൽ പറയട്ടെ. പി എന്നത് പിണറായി അല്ലെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും കുഴൽനാടൻ പറഞ്ഞു.
എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ നിലപാടെടുക്കുകയായിരുന്നു. ചാനലിനും സോഷ്യൽമീഡിയക്കും വേണ്ടി സഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കർ കുഴൽനാടനോട് പറഞ്ഞു. എന്നിട്ടും എംഎൽഎ പ്രസംഗം തുടർന്നതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.