തമിഴ്നാട്ടിലെ മദ്യദുരന്തം; 10 പേര് കസ്റ്റഡിയില്‍
Thursday, June 20, 2024 10:27 AM IST
ചെന്നൈ: വടക്കന്‍ തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ രണ്ട് സ്ത്രീകള്‍ അടക്കം 10 പേര് കസ്റ്റഡിയില്‍. പ്രദേശത്തുനിന്ന് 900 ലീറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു.
വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 35 ആയി ഉയർന്നു. 60 ഓളം പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുന്നുണ്ട്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ സിബി-സിഐഡി അന്വേഷണം തുടങ്ങി.
വ്യാജ പാക്കറ്റ് ചാരായം കഴിച്ചവരാണ് മരിച്ചത്. കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെ സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയോടെയാണ് കരുണാപുരത്ത് ദിവസവേതനക്കാരായ ഒരുസംഘം തൊഴിലാളികൾ വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിയത്. മദ്യം കഴിച്ചതിനുശേഷം തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും തലവേദനയും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.