മിശ്രവിവാഹം കഴിച്ച സഹോദരിയെ കൗമാരക്കാരൻ വെടിവച്ചു കൊന്നു
Thursday, June 20, 2024 12:09 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്ത സഹോദരിയെ കൊലപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ. കൈതാളിൽ ബുധനാഴ്ചയാണ് സംഭവം. 17കാരനാണ് അറസ്റ്റിലായത്.
കോമൾ റാണി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർതൃഗൃഹത്തിൽ വച്ചാണ് സംഭവം നടന്നത്. ഫെബ്രുവരിയിലാണ് കോമൾ റാണിയും അനിൽകുമാറും വിവാഹിതരായത്. അന്നു മുതൽ കോമൾ റാണിയുടെ വീട്ടുകാരിൽ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് അനിൽ കുമാറിന്റെ പിതാവ് പറഞ്ഞു.
കോമൾ റാണി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനെ തുടർന്ന് അവരുടെ ബന്ധുക്കൾ ദേഷ്യത്തിലായിരുന്നു. സഹോദരിയുടെ വീട്ടിലെത്തിയ പ്രതി വെടിവച്ചാണ് ഇവരെ കൊന്നത്.
ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിന്റെ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.