കരാര്‍ പുതുക്കാൻ തയാറായില്ല; കിവീസ് നായകസ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്
Wednesday, June 19, 2024 11:15 AM IST
വെല്ലിംഗ്ടൺ: ട്വന്റി-20 ലോകകപ്പിൽ ന്യൂസിലൻഡ് സൂപ്പർ എട്ട് കാണാതെ പുറത്തായതിനു പിന്നാലെ നായകസ്ഥാനമൊഴിഞ്ഞ് കെയ്ൻ വില്യംസൺ. ഏകദിന, ട്വന്റി-20 നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച വില്യംസൺ, 2024-25 സീസണിലേക്കുള്ള കരാര്‍ പുതുക്കാനും തയാറായില്ല.
എന്നാല്‍ ഏത് സമയത്തും കിവീസ് കുപ്പായത്തില്‍ കളിക്കാന്‍ ഒരുക്കമായിരിക്കുമെന്ന് 33കാരനായ താരം വ്യക്തമാക്കി. വില്യംസണിന്റെ തീരുമാനം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പുറത്തുവിട്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ തനിക്ക് താത്പര്യം നഷ്ടപ്പെട്ടതായി തീരുമാനത്തെ വ്യാഖ്യാനിക്കരുതെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിന് ഇപ്പോൾ പ്രാധാന്യം നൽകുകയാണെന്നും അദ്ദേഹം അറിയിച്ചു.
"ന്യൂസിലൻഡിന് വേണ്ടി കളിക്കുകയെന്നത് ഒരു നിധി പോലെയാണ്. എന്നാൽ, ക്രിക്കറ്റിനു പുറത്തുള്ള എന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതും വീട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നതും ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു' -വില്യംസൺ പറഞ്ഞു.
ന്യൂസിലൻഡിന്റെ മികച്ച നായകന്മാരിലൊരാളായ കെയ്ൻ വില്യംസൺ ഏകദിനത്തിൽ 165 മത്സരങ്ങളിൽ നിന്നായി 6,810 റൺസെടുത്തിട്ടുണ്ട്. 100 ടെസ്റ്റിൽ നിന്ന് 8,743 റൺസും 93 ട്വന്റി-20യിൽ നിന്ന് 2,575 റൺസുമാണ് താരത്തിന്റെ സമ്പാദ്യം.
വില്യംസണിന് പുറമേ, പേസ് ബൗളർ ലോക്കി ഫെർഗൂസണും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡുമായി സെൻട്രൽ കരാർ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.