വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ആനി രാജ
Monday, June 17, 2024 9:02 PM IST
വയനാട്: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുമെന്ന സിപിഐ നേതാവും വയനാട്ടിലെ സ്ഥാനാര്‍ഥിയുമായിരുന്ന ആനി രാജ. പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഐയെന്നും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സിപിഐയും ഇടതുമുന്നണിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആനി രാജ വ്യക്തമാക്കി.
വയനാട്ടില്‍ മത്സരിക്കുന്ന സമയത്ത് തന്നെ താന്‍ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് രാഹുലിന് അറിയാമായിരുന്നുവെന്നും ആ കാര്യം വയനാട് മണ്ഡലത്തിലെ ജനത്തോട് പറയാതിരുന്നത് നീതികേടാണെന്നുമുള്ള തന്റെ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നയാളല്ലെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നയാളാണെന്നും അവര്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.