കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരണം
Saturday, June 15, 2024 12:15 PM IST
തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി നിർദേശം നല്‍കിയത്.
കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ നൽകിയ ജാതി അധിക്ഷേപ പരാതിയിൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി - പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.