കുവൈത്ത് തീപിടിത്തം; മരിച്ചവരുടെ മൃതദേഹങ്ങൾ വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി
Thursday, June 13, 2024 12:47 AM IST
ന്യൂഡൽഹി: കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രെയും വേഗം നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കുവൈറ്റ് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ-യഹ്യയുമായി എസ്. ജയശങ്കർ ഫോണിൽ സംസാരിച്ചു.
"കുവൈറ്റിലെ അഗ്നി ദുരന്തത്തെക്കുറിച്ച് കുവൈറ്റ് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ-യഹ്യയോട് സംസാരിച്ചു. ഇക്കാര്യത്തിൽ കുവൈറ്റ് അധികൃതർ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൂർണമായി അന്വേഷിക്കുമെന്നും ഉത്തരവാദിത്തം ഉറപ്പിക്കുമെന്നും ഉറപ്പുനൽകി'. ജയശങ്കർ എക്സിൽ കുറിച്ചു.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീപിടുത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാർക്ക് സഹായം നൽകുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അടിയന്തരമായി കുവൈറ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
40 ഇന്ത്യക്കാർ ഉൾപ്പടെ 49 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. ഇവരിൽ ഏഴുപേർ മലയാളികളാണ്. ഇവരെ തിരിച്ചറിഞ്ഞു.