ബിജെപി പ്രാദേശിക വനിതാ നേതാവിന്റെ ആത്മഹത്യ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് കുടുംബം
Tuesday, June 11, 2024 9:46 AM IST
കൊല്ലം: പുനലൂരില്‍ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ജീവനൊടുക്കയ സംഭവത്തില്‍ ബ്ലേഡ് മാഫിയയ്ക്കെതിരേ ആരോപണവുമായി കുടുംബം. ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. മഹിളാമോര്‍ച്ച പുനലൂര്‍ മണ്ഡലം സെക്രട്ടറിയായിരുന്നു ഇവർ.
ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഗ്രീഷ്മ പ്രദേശവാസിയായ പലിശക്കാരനില്‍ നിന്നും 15,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് വീട്ടുന്നതിനു മാത്രം അഞ്ചിരട്ടി തുക പലിശ ഇനത്തില്‍ നല്കി. എന്നാല്‍ ശേഷവും പലിശക്കാര്‍ പണം തിരികെ ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ഗ്രീഷ്മയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
കൂടുതല്‍ തുക ആവശ്യപ്പെട്ടു പലശക്കാരന് മാനസികമായി പീഡിപ്പിച്ചതിലും പൊതുസ്ഥലത്ത് വച്ച് ആക്ഷേപിച്ചതിലും മനംനൊന്താണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്ന് സഹോദരന് പറഞ്ഞു. മരണദിവസവും വീട്ടില്‍ അതിക്രമിച്ചുകയറി ഇയാള്‍ അസഭ്യം പറഞ്ഞതായി ഗ്രീഷ്മയുടെ അമ്മ പറയുന്നു.
താന്‍ ജീവനൊടുക്കാന്‍ കാരണം കൊള്ളപ്പലിശക്കാരാണെന്ന് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്ത കുറിപ്പില്‍ ഗ്രീഷ്മ കുറിച്ചിട്ടുണ്ട്. പലിശ നല്കാന് പണമില്ലാതായതോടെ മൈക്രോഫിനാന്‍സില്‍ നിന്നും ഗ്രീഷ്മ വായ്പയെടുത്തിരുന്നു. അടുത്തമാസം വിദേശത്ത് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഗ്രീഷ്മ.
യുവതിക്ക് ആറും ഒമ്പതും വയസുള്ള രണ്ടു കുട്ടികളുണ്ട്. ഗ്രീഷ്മയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.