ബിജെപിയെ സമ്മര്‍ദത്തിലാക്കി ഷിന്‍ഡെ വിഭാഗവും; കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെടും
Friday, June 7, 2024 10:30 AM IST
മുംബൈ: സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ വേണമെന്നിരിക്കെ ബിജെപിയെ സമ്മര്‍ദത്തിലാക്കി ശിവസേനാ ഏക്നാഥ് ഷിന്‍ഡെ വിഭാഗവും. കൂടുതല്‍ മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് നീക്കം.
കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും ആവശ്യപ്പെടും. ടിഡിപിയും ജെഡിയുവും കഴിഞ്ഞാല്‍ ഏറ്റവുമധികം സീറ്റുകളുള്ള ബിജെപിയുടെ സഖ്യകക്ഷിയാണ് ഷിന്‍ഡെ വിഭാഗം. ഈ സാഹചര്യത്തിലാണ് സമ്മര്‍ദതന്ത്രം ശക്തമാക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 15 സീറ്റില്‍ മത്സരിച്ച ഷിന്‍ഡെ വിഭാഗം ഏഴ് സീറ്റിലാണ് വിജയിച്ചത്. എന്നാല്‍ ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് ഷിന്‍ഡെയെ തത്ക്കാലം കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരേണ്ടെന്നാണ് തീരുമാനം. പകരം കേന്ദ്ര മന്ത്രിപദം പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് നല്കി അവരെ ഒപ്പം നിര്‍ത്താനാണ് ആലോചന.
ചില എംപിമാര്‍ ഉദ്ധവ് താക്കറെ വിഭാഗവുമായി ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ കൂടിയാണ് ഷിന്‍ഡെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ശ്രീകാന്ത് ഷിന്‍ഡെയെ ലോക്സഭാ കക്ഷി നേതാവാക്കാനാണ് ആലോചന.
അതേസമയം സംസ്ഥാന മന്ത്രിസഭയിലും കൂടുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് ഷിന്‍ഡെ വിഭാഗത്തിന്റെ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം വിലപേശല്‍ ശക്തി കൂട്ടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷിന്‍ഡെ കരുക്കള്‍ നീക്കുന്നത്.
ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാന രാഷ്ട്രീയത്തിലും പിടിമുറുക്കാന്‍ ഷിന്‍ഡെ നീക്കം നടത്തുന്നത്.