എകെജി സെന്റർ ആക്രമണം; കുറ്റപത്രം അംഗീകരിച്ച് കോടതി
Thursday, May 30, 2024 7:40 PM IST
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ജൂണ്‍ 13 ന് ഹാജരാകാൻ പ്രതികൾക്കു സമൻസ് അയച്ചു. മൂന്നാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് കേസ് പരിഗണിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് കണ്ണൻ എന്ന ജിതിൻ ഒന്നാം പ്രതിയും ചിന്നു എന്ന നവ്യ മൂന്നാം പ്രതിയുമാണ്. മറ്റ് പ്രതികൾ ഒളിവിലാണെന്നു കുറ്റപത്രത്തിൽ പറയുന്നു. തീവയ്പ്, ഗുഢാലോചന എന്നീ കുറ്റങ്ങളും സ്ഫോടക വസ്തു നിയമത്തിലെ വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്. 93 സാക്ഷികൾ ഉണ്ട്.
2022 ജൂണ്‍ 13ന് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ജൂണ്‍ 23നു രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിലുമുള്ള പ്രതികാരമായി എകെജി സെന്ററിനു നേരെ ബോംബ് എറിഞ്ഞു എന്നാണു കുറ്റപത്രത്തിൽ പറയുന്നത്.
എന്നാൽ സംഭവത്തിന്റെ സൂത്രധാരകൻ എന്നു പറയപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുഹൈൽ ഷാജഹാനെയും ബോംബ് എറിയാൻ എത്തിയ സ്കൂട്ടറിന്റെ ഉടമയായ സുധീഷിനെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
2022 ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്റർ ഭാഗത്ത് എത്തി ബോംബ് എറിഞ്ഞ് ഭീതി പരത്തി എന്നാണ് കേസ്.