എക്സാലോജിക്കിന് അബുദാബിയിൽ ബാങ്ക് അക്കൗണ്ട്; കൈകാര്യംചെയ്തിരുന്നത് വീണയും സുനീഷും: ഷോൺ ജോർജ്
Wednesday, May 29, 2024 2:25 PM IST
തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാടു കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരില്‍ ഒരാളായ ഷോണ്‍ ജോര്‍ജ്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ കൊമേഷ്യൽ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്നും ഷോണ്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എക്സാലോജിക് കണ്‍സള്‍ട്ടിംഗ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തൈക്കണ്ടിയില്‍, എം.സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ശരാശരി 10 കോടി രൂപ വരെ ഈ അക്കൗണ്ടിൽ എപ്പോഴും ഉണ്ടായിരുന്നുവെന്നും ഇതുവഴി വലിയ തുക യുഎസിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ഷോണ്‍ കൂട്ടിച്ചേർത്തു.
എസ്എൻസി ലാവ്ലിൻ, കൺസൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ എന്നിവയിൽനിന്ന് എക്സാലോജിക്കിന്റെയും മീഡിയ സിറ്റിയുടെയും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. പ്രൈസ് വാട്ടർഹൗസ് കൂപ്പറുമായുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവങ്കറിന്റെ കാലത്തു തന്നെ വിവാദമായതാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് അവർ പുറത്തുപറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയുന്നതായും ഷോൺ പറഞ്ഞു.
അക്കൗണ്ടിലേക്കെത്തിയ കോടികൾക്ക് കരിമണൽ കമ്പനിയായ സിഎംആർഎൽ ഉൾപ്പടെയുള്ളവയിൽ നിന്ന് ലഭിച്ച പണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ആദായനികുതി റിട്ടേണിൽ വിദേശത്തുള്ള അക്കൗണ്ടിനെ കുറിച്ച് വീണ വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും ഷോൺ കൂട്ടിച്ചേർത്തു.
തനിക്ക് ലഭിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര കോർപറേറ്റ് മന്ത്രാലയം, എസ്എഫ്ഐഒ എന്നിവർക്ക് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഏപ്രില്‍ 19ന് ചെന്നൈയിലെ ഇഡി സ്പെഷല്‍ ഡയറക്ടര്‍ക്കു നല്കി. മറ്റൊരാള്‍ നല്കിയ വിവരങ്ങളാണിതെന്നും അന്വേഷണത്തിന് ഗുണകരമാകുമെന്നു കരുതുന്നതിനാലാണ് അധികൃതര്‍ക്കു സമര്‍പ്പിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു.
ഇക്കാര്യങ്ങളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണു താൻ തെളിവുകൾ പുറത്തു വിടുന്നതെന്നും തെറ്റാണെന്ന് തെളിഞ്ഞാൽ മാനനഷ്ടത്തിന് കേസു കൊടുക്കാമെന്നും ഷോൺ പറഞ്ഞു.