വീരാജ്പേട്ട ബസ്സ്റ്റാൻഡിലെ കൊലപാതകം: കൗമാരക്കാരനടക്കം നാലുപേർ അറസ്റ്റിൽ
Monday, May 27, 2024 1:01 PM IST
ഇരിട്ടി: വീരാജ്പേട്ട ബസ്സ്റ്റാൻഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേശിന്റെ (39 ) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലുപേരെ വിരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശികളായ ലോകേഷ് (30), കൃഷ്ണ (20), ഹരീഷ് , പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്.
ഈ മാസം 22ന് രാത്രി ആയിരുന്നു സംഭവം. കൊല്ലപ്പെട്ട രമേശും നാല് കുറ്റാരോപിതരും വീരാജ്പേട്ട ടൗണിൽ രാവിലെ മുതൽ നൃത്തം ചെയ്ത് ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും പണം പിരിച്ചെടുത്തിരുന്നു.
വൈകുന്നേരം മദ്യപിച്ച ശേഷം ഈ പണം വീതംവയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റാരോപിതരായ നാലുപേരും ചേർന്ന് ബസ്സ്റ്റോപ്പിൽ വച്ച് രമേശിനെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാൾ രക്തം വാർന്ന് മരിച്ചു.
23ന് രാവിലെയാണ് വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒരു കടയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുന്നത്. സ്വാഭാവിക മരണമാണെന്നാണ് പോലീസ് ആദ്യം കരുതിയത്. പിന്നീട് രമേശിന്റെ ഭാര്യ ഭവാനി നല്കിയ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
സിസിടിവികളടക്കം പോലീസ് പരിശോധിച്ചപ്പോഴാണ് നാലംഗ സംഘത്തിന്റെ മർദനമാണ് രമേശിന്റെ മരണത്തിലേക്ക് നയിച്ചതെന്ന സൂചന ലഭിച്ചതും കുറ്റാരോപിതരെ പിടികൂടിയതും. സ്വന്തം വീടുകളിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.