എയർപോഡിൽ എയറിലായി ബിനു പുളിക്കക്കണ്ടം
Wednesday, May 22, 2024 6:58 PM IST
പാലാ: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ സംഭവങ്ങള്‍. എയര്‍പോഡ് മോഷണം പോയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
കേസില്‍ പ്രതിയായ വ്യക്തി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍. ബിനുവിന്റെ സാന്നിധ്യം അംഗങ്ങള്‍ ചോദ്യം ചെയ്തതോടെ യോഗം പിരിച്ചുവിടുന്നതായി ചെയര്മാന് അറിയിക്കുകയായിരുന്നു.
എഫ് ഐആറില്‍ പേര് ഉള്പ്പെട്ടെയാള് യോഗത്തില്‍ പങ്കെടുക്കുന്നത് ഔചത്യമല്ലെന്ന് പരാതിക്കാരന് കൂടിയായ ജോസ് ചീരാംങ്കുഴിയാണ് ആദ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ അംഗങ്ങള്‍ പുറത്തുപോവുകയായിരുന്നു. യുഡിഎഫ് അംഗങ്ങളും എല്‍ഡിഎഫിലെ രണ്ടു വനിതാ അംഗങ്ങളും പുറത്തുപോയില്ല. ബിനു കൗണ്‍സില്‍ ഹാളില്‍ തുടര്‍ന്നു.
എയര്‍പോഡ് കേസില്‍ ജോസ് ചീരാംകുഴി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഈ വിഷയത്തില്‍ പ്രതിയായ ബിനുവിനൊപ്പം കൗണ്‍സില്‍ ചേരാനാകില്ലെന്നായിരുന്നു ചെയര്‍മാന്റെയും നിലപാട്.
ഉച്ചകഴിഞ്ഞ് രണ്ടു കൗണ്‍സിലാണ് ചേരാനിരുന്നത്. രണ്ടാമത്തെ കൗണ്‍സിലിലും കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്ക്കരിച്ചു. ഒപ്പിട്ട ശേഷം അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.