പോളിംഗ് സ്റ്റേഷനുള്ളിൽ കയറി വോട്ടിംഗ് മെഷിനുകൾ തകർത്ത് എംഎൽഎ
Wednesday, May 22, 2024 12:37 AM IST
അമരാവതി: ആന്ധ്രാപ്രദേശിൽ പോളിംഗ് സ്റ്റേഷനുള്ളിൽ അതിക്രമിച്ച് കടന്ന എംഎൽഎ വോട്ടിംഗ് മെഷിൻ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആന്ധ്രയിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിലെ എംഎൽഎ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡിയാണ് അതിക്രമം കാണിച്ചത്.
മേയ് 13ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എംഎൽഎ ഏഴ് പോളിംഗ് സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) നശിപ്പിച്ചതായും കർശന നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എംഎൽഎയ്ക്കെതിരെ കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു. പരാജയ ഭീതിയെ തുടർന്നാണ് എംഎൽഎ ഈ അതിക്രമം കാട്ടിയതെന്ന് പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടി ആരോപിച്ചു.
വൈഎസ്ആർ കോൺഗ്രസ് നേതാവും മച്ചേർള നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയുമായ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡി പല്വായ് ഗേറ്റ് പോളിംഗ് സ്റ്റേഷനിലേക്ക് നടന്നു വരുന്നതും യാതൊരു പ്രകോപനവുമില്ലാതെ വോട്ടിംഗ് മെഷിനുകൾ തകർക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അതേ ദിവസം തന്നെ, പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ കാത്തുനിന്നവരെ മറികടന്ന എംഎൽഎയെ ചോദ്യം ചെയ്തതിന് ഒരാൾക്ക് മർദനവുമേറ്റിരുന്നു. വോട്ടറുടെ മുഖത്ത് എംഎൽഎ അടിക്കുന്നതും ഇയാൾ എംഎൽഎയെ തിരികെ അടിക്കുന്നതും തുടർന്ന് എംഎൽഎയുടെ കൂടെയുണ്ടായിരുന്നവർ ഇയാളെ വളഞ്ഞിട്ട് തല്ലുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.