ബംഗാളിൽ മിഥുൻ ചക്രവർത്തിയുടെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്
Wednesday, May 22, 2024 12:22 AM IST
കോൽക്കത്ത: നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയുടെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. പശ്ചിമ ബംഗാളിലെ മിഡ്നാപൂർ ടൗണിലാണ് സംഭവം. ഇതേതുടർന്ന് സംഘർഷമുണ്ടായി.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ജാഥയ്ക്ക് നേരെ ഗ്ലാസ് കുപ്പികളും കല്ലുകളും എറിഞ്ഞുവെന്ന് മിഡ്നാപൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോൾ ആരോപിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് ഇത് നിഷേധിച്ചു.
കല്ലേറിൽ മിഥുൻ ചക്രവർത്തിക്കും അഗ്നിമിത്ര പോളിനും പരിക്കില്ല. കളക്ട്രേറ്റ് മോറിൽ നിന്ന് ആരംഭിച്ച റോഡ്ഷോ, നൂറുകണക്കിന് ബിജെപി അനുഭാവികളുടെ അകമ്പടിയോടെ കേരണിത്തോളയിലേക്ക് പോകുകയായിരുന്നു.
റോഡ്ഷോ ശേഖ്പുര മോറിൽ എത്തിയപ്പോൾ, റോഡരികിൽ നിന്നിരുന്ന ചിലർ ഘോഷയാത്രയ്ക്ക് നേരെ കല്ലും കുപ്പികളും എറിഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ ഇവരെ മർദിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരാണ് സംഘർഷം നിയന്ത്രിച്ചത്.
ബിജെപിക്കുള്ള പിന്തുണ വർധിക്കുമെന്ന് ഭയപ്പെടുന്ന തൃണമൂൽ കോൺഗ്രസ് ഗുണ്ടായിസം നടത്തുകയാണെന്നും മിഥുൻ ചക്രവർത്തിയെപ്പോലുള്ള ഒരു ഇതിഹാസ നടനെ അനാദരിക്കുന്ന തരത്തിൽ അവർക്ക് തരംതാഴാൻ കഴിയുമെന്നും അഗ്നിമിത്ര പോൾ പറഞ്ഞു.