ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
Monday, May 20, 2024 7:06 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കും. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകും.
സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും. റീഫണ്ട് തുക നിലവിലെ ബാങ്കിംഗ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ്. ബസിന്റെ തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ രണ്ട് ദിവത്തിനുള്ളതിൽ തന്നെ ലഭിക്കും.
റീഫണ്ട് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനു ശേഷം റീഫണ്ട് നൽകുന്നതിനോ ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും പിഴയായി ഈ തുക ഈടാക്കും. രണ്ട് മണിക്കൂറിൽ അധികം സമയം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുന്നതാണ്.
റിസർവേഷൻ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുന്നതാണ്. നിശ്ചിത പിക്കപ്പ് പോയിന്റിൽ നിന്ന് യാത്രക്കാരനെ ബസിൽ കയറ്റിയില്ലെങ്കിൽ ഈ ക്ലെയിമിന് കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെ നൽകും.
ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തതെങ്കിൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും.